Saturday, May 30, 2009

ലിഫ്റ്റ്‌ ടെക്നോളജിക്കാര്‍ ഭീഷണിപ്പെടുത്തി : അന്തപ്പന്‍റെ പണി പോയി!

പ്രിയപ്പെട്ട അപ്പാ,
അപ്പന്‍ എന്നാ കോപ്പിലെ പണിയാണപ്പാ കാണിച്ചത്? അപ്പന്‍ ആ കത്ത് വേറെ
ആര്‍ക്കെങ്കിലും കൊടുത്തോ? ഇവിടെ പല കായംകുളം കൊച്ചുണ്ണിമാരും ആ
കത്തെടുത്തു അപ്പന്റെ പേരില്‍ അയച്ചു എന്നാണു അറിഞ്ഞത്. എന്നെ പഠിപ്പിച്ച
കോളെജ് കാരും ഈ വിവരം അറിഞ്ഞു അപ്പാ. അവര്‍ നാട്ടിലെത്തിയാല്‍ എന്നെ
അങ്ങ് മേലോട്ട് "ലിഫ്റ്റ്‌" ചെയ്യും എന്ന് ഭീഷണിപ്പെടുത്തുക മാത്രമല്ല
ഇപ്പോഴുള്ള മുക്കാ ചക്രത്തിന്റെ പണി കളയിക്കുകയും, താമസിച്ചിരുന്ന
കമ്പാര്‍ട്ടുമെന്റില്‍ നിന്നും കമ്പനിക്കാര്‍ എന്നെ പുറത്താക്കുകയും
ചെയ്തു. ഇപ്പൊ അപ്പന്റെ അന്തപ്പന്‍ അങ്ങിനെ ലിഫ്റ്റ്‌ ടെക്നോളജി പഠിച്ച്
പെരുവഴിയിലും ആയി.

ഇത് കേട്ട് അപ്പന്‍ വിഷമിക്കുകയൊന്നും വേണ്ട. ഞാന്‍ വേറെ പല സൈഡ്
ബിസിനെസ്സുകളും ചെയ്യുന്നുണ്ട്. ഇപ്പൊ തോന്നുന്നു ഇത് ഇത്തിരി നേരത്തെ
ആകാമായിരുന്നെന്ന്. എങ്കിലും ചെക്കിങ്ങിനു ആള് വരുമ്പോള്‍ മുങ്ങണം.
പിടികൊടുത്താ എന്‍റെ കാര്യം പോക്കാ. എന്നാലും വേണ്ടില്ല കടങ്ങള്
വീടിയാല്‍ ഏതെങ്കിലും പൊതുമാപ്പ് വരുമ്പോള്‍ കേറിയങ്ങ് നാട്ടില്‍ വരാം.
അപ്പന്‍ അച്ഛനോട് എനിക്ക് വേണ്ടി മുട്ടിപ്പായി പ്രര്‍ത്ഥിക്കാന്‍ പറയണം.


ഇനിയിപ്പോ കത്തൊന്നും എഴുതാന്‍ പറ്റുമോന്നു തോന്നുന്നില്ല അപ്പാ.
ഒന്നിനും സമയം തികയുന്നില്ല. അപ്പന് മരുന്ന് വാങ്ങാനുള്ള പൈസയും
പീടികയിലെ പറ്റ് തീര്‍ക്കാനുള്ള പൈസയും പണയപ്പാടിന്‍റെ പലിശക്കുള്ള
പൈസയും മാത്രമേ അയക്കുന്നുള്ളൂ. അതെ ഉള്ളൂ കയ്യില്‍. പണിയില്ലാത്തത്
കൊണ്ട് ആരും കടം തരില്ല അപ്പ. കമ്പനിക്കാര് വിസ ക്യാന്‍സല്‍
ചെയ്തിട്ടില്ല.അവര്‍ക്ക് നഷ്ടപരിഹാരമായി ഒരു തുക കൊടുത്താലെ അവര്‍ വിസ
ക്യാന്‍സല്‍ ചെയ്യൂ എന്നാണു പറഞ്ഞത്. ഇവിടെ വല്യ വല്യ സംഘടനക്കാരുടെ
അടുത്ത്‌ പോയിട്ടും ആരും ഒരു സഹായവും ചെയ്തില്ല അപ്പാ. അവര്‍ക്ക് ഒരു
സാധാ തൊഴിലാളിയായ എന്നെ കണ്ണില്‍ പിടിച്ചില്ലെന്നു തോന്നുന്നു.ആരും
ഇല്ലാത്തോര്‍ക്ക് ദൈവം തുണയുണ്ടാകും എന്ന് സമാധാനിക്കുന്നു. രാത്രി
ഇവിടത്തെ ഒരു പാര്‍ക്കിലാണ് കിടക്കുന്നത്. ഇനി അതും പറ്റുമോന്നു
തോന്നുന്നില്ല. ചൂട് കൂടിക്കൂടി വരികയാണ്. പള്ളികളില്‍ കേറിക്കിടക്കാന്‍
കുഴപ്പമൊന്നുമില്ലെങ്കിലും പരിചയമുള്ള മലയാളികള്‍ കണ്ടാല്‍ അവര്‍
കുഴപ്പമുണ്ടാക്കും. അത് കൊണ്ട് വേറെ നല്ലൊരു പണി കിട്ടുന്നത് വരെ
സഹിക്കുക തന്നെ.


ഇപ്പോള്‍ രാവിലെ നേരത്തെ ഒരു സുഹൃത്തിന്റെ പരിചയത്തില്‍ ന്യൂസ്‌ പേപ്പര്‍
വിതരണം ചെയ്യാന്‍ പോകുന്നുണ്ട്. അത് കഴിഞ്ഞാല്‍ ഒരു മലയാളി ഡോക്ടറുടെ
വീട്ടില്‍ ഒരു മണിക്കൂര്‍ നേരത്തെ ക്ലീനിംഗ് പണി ശരിയായിട്ടുണ്ട്.മാസം
ഇരുന്നൂറ് ദിര്‍ഹം കിട്ടും. അത് കഴിഞ്ഞു ഒരു കഫ്ടീരിയയില്‍ പൊറാട്ട
അടിക്കാന്‍ രാവിലെയും വൈകീട്ടും ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്. രാവിലെ രണ്ട്
കിലോ മാവിന്റെ പൊറാട്ടയും വൈകീട്ടു നാല് കിലോ മാവിന്റെ പൊറാട്ടയും
അടിച്ചു കൊടുക്കണം. പൊറാട്ടപ്പണി പഠിച്ചു വരുന്നു. എന്നാലും അടുപ്പിലെ
തീയിന്റെ ചൂടും പുറത്തെ ചൂടും സഹിക്കുന്നില്ല അപ്പാ. രാവിലത്തെ
പൊറാട്ടപ്പണി കഴിഞ്ഞാല്‍ ഞാന്‍ കൊക്കക്കോളയുടെയും പെപ്സിയുടെയും ഒഴിഞ്ഞ
കാനുകള്‍ പെറുക്കാന്‍ പോകാറുണ്ട്. അത് തൂക്കി വിറ്റാല്‍ കുറച്ചു പണം
കിട്ടും. കൂട്ടത്തില്‍ ഒഴിഞ്ഞ അട്ടപ്പെട്ടികളും പെറുക്കാറുണ്ട്. എല്ലാം
ഇപ്പോള്‍ പണിയെടുക്കുന്ന കഫ്ടീരിയയുടെ സ്റ്റോറിന്‍റെ പിന്നിലാണ്
സൂക്ഷിക്കുന്നത്. ഒന്നിച്ചു കൊടുത്താലെ കാര്യമായി എന്തെങ്കിലും കിട്ടൂ.
എല്ലാം കൂടി പഴയ കമ്പനിയില്‍ നിന്നും കിട്ടുന്നതിലും കൂടുതല്‍
കിട്ടുമെന്ന് ഉറപ്പാണ് അപ്പാ. പക്ഷെ ഇത് കയ്യാലപ്പുറത്തെ തേങ്ങാ പോലെ
എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാം അപ്പാ. ഇപ്പോള്‍ ഇതല്ലാതെ വേറെ ഒരു
നിവൃത്തിയുമില്ല. പിന്നെ പെട്ടന്ന് പണക്കാരനാകാന്‍ കള്ള് കച്ചോടം
നടത്തണം. കള്ള് ആവശ്യക്കാര്‍ക്ക് റൂമില്‍ എത്തിക്കുന്നതിനും വ്യാജ
സിഡികള്‍ വില്‍ക്കുന്നതിനും പലരും ഉപദേശിച്ചെങ്കിലും അതിനൊന്നും ഈ
അന്തപ്പന്‍ നില്‍ക്കില്ല എന്ന് അപ്പനറിയാമല്ലോ.



ഇപ്പോള്‍ ഒരു ദിര്‍ഹത്തിനു പതിമൂന്നു രൂപയുടെ അടുത്ത്‌ കിട്ടുന്നുണ്ട്‌.
അത് കൊണ്ട് നമ്മുടെ എല്ലാ കടങ്ങളും ഉടനെ വീട്ടാന്‍ കഴിയും എന്ന്
കരുതുന്നു.കൃത്യമായി ഒരു അഡ്രസ്‌ വെക്കാനില്ലാത്തതിനാല്‍ മറുപടിയൊന്നും
അയക്കണ്ട. മാസത്തില്‍ ഒരു തവണ ഞാന്‍ അലവിക്കാടെ വീട്ടിലേക്കു ഫോണ്‍
വിളിക്കാം.ഇത്രമാത്രം. ഈ കത്തെങ്കിലും ആരും എടുത്ത്‌ പോകാതെ നോക്കണം.

സസ്നേഹം,

അപ്പന്‍റെ അന്തപ്പന്‍

2 comments:

  1. how sad it is... its a real picture i think...

    ReplyDelete
  2. The King Casino
    The king casino in Oklahoma offers communitykhabar a wide variety casinosites.one of games. The ventureberg.com/ casino offers several slots, poker, blackjack, and 바카라 사이트 live games to choose from. We https://vannienailor4166blog.blogspot.com/ will also

    ReplyDelete